Monday, August 8, 2011

വി.എസിന്റെ കാലത്തു മരണക്കിടക്കയിലുള്ള മകനെ കാണാനും വിലക്ക്‌!‍

കണ്ണൂര്‍: പാര്‍ട്ടി പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍നിന്ന്‌ ഊണു കഴിക്കാന്‍ വി.എസ്‌. അച്യുതാനന്ദനു വിലക്ക്‌. എന്നാല്‍ 'മനുഷ്യത്വപരമായ' സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്‌ അസുഖബാധിതനായ കുഞ്ഞനന്തന്‍നായരെ സന്ദര്‍ശിച്ചതെന്നു വി.എസ്‌. മരണക്കിടക്കയിലായ മകനെ കാണുന്നതില്‍നിന്നു പാര്‍ട്ടി സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനെയും ഭാര്യയേയും വിലക്കിയത്‌ ഇതേ വി.എസ്‌. പാര്‍ട്ടി ഭരിക്കുമ്പോള്‍! ബദല്‍ രേഖയുടെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത എം.വി. രാഘവനു വീട്ടില്‍ വിളിച്ച്‌ ഊണു നല്‍കിയതിനു പഴയൊരു സഖാവിനെ പുറത്താക്കിയത്‌ ഇന്ന്‌ ഊണുവിലക്കിന്റെ പേരില്‍ ഉടക്കിനില്‍ക്കുന്ന വി.എസ്‌. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ! ഊണുവിലക്കിനെച്ചൊല്ലി പാര്‍ട്ടിയില്‍ നടക്കുന്ന പരസ്യമായ വിഴുപ്പലക്കല്‍ 'മലര്‍ന്നുകിടന്നു തുപ്പുന്നതിനു' തുല്യമെന്നു പാര്‍ട്ടിചരിത്രംതന്നെ സാക്ഷ്യപ്പെടുത്തുന്നു. അസുഖബാധിതനെ കാണാന്‍ പാര്‍ട്ടിവിലക്കു പാടില്ലെന്നു വി.എസ്‌. പറയുമ്പോള്‍ പിണറായി മാത്രമല്ല, പിണറായിക്കാരും ഓര്‍ത്തു തിരുത്തും. മകന്‍ അടിയേറ്റു ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ചെന്നുകാണാനുള്ള മാതാപിതാക്കളുടെ ആഗ്രഹം നിഷേധിച്ച കഥയാണത്‌. അന്നു വി.എസ്‌. ഔദ്യോഗികപക്ഷത്തിന്റെ ശക്‌തനായ വക്‌താവ്‌. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്‌ഥാപകനേതാക്കളില്‍ ഒരാളായ പാണ്ട്യാല ഗോപാലനും ഭാര്യയ്‌ക്കുമാണു മകന്‍ ഷാജിയെ കാണാന്‍ പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയത്‌. സി.പി.എം. വിട്ടു സി.എം.പിയില്‍ ചേര്‍ന്നതിനാണു പാണ്ട്യാല മുക്കില്‍ ഷാജി ആക്രമിക്കപ്പെട്ടത്‌. പരുക്കേറ്റ്‌ മാസങ്ങളോളം മണിപ്പാലിലെ ആശുപത്രിയില്‍ കഴിഞ്ഞെങ്കിലും അച്‌ഛനും അമ്മയ്‌ക്കും ചെന്നുകാണാന്‍ പാര്‍ട്ടിയുടെ അനുമതി ലഭിച്ചില്ല. മണിപ്പാലില്‍നിന്നു മടങ്ങി പറശിനിക്കടവിലെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അമ്മ കണ്ടോത്ത്‌ ചീരൂട്ടി ഷാജിയെ ഒരുനോക്കു കണ്ടത്‌. അതും പാര്‍ട്ടിയുടെ അനുമതിയോടെ. ബെര്‍ലിന്റെ വീട്ടില്‍ വി.എസിനു പാര്‍ട്ടി ഊണുവിലക്ക്‌ ഏര്‍പ്പെടുത്തിയപ്പോള്‍ കണ്ണൂരുകാര്‍ക്ക്‌ ഓര്‍മവരുന്നതു 'കൊടുത്താല്‍ കൊല്ലത്തും കിട്ടു'മെന്ന പഴമൊഴി. പാര്‍ട്ടി നടപടിയെടുത്ത എം.വി. രാഘവനു വീട്ടില്‍ ഉച്ചയൂണു നല്‍കിയതിനു ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിക്കു പുറത്താക്കിയതു സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദന്‍തന്നെ. വി.എസ്‌. പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയായിരിക്കേ പയ്യന്നൂരിലെ പി. ബാലനാണു പാര്‍ട്ടിക്കു പുറത്തുപോകേണ്ടിവന്നത്‌. 1986-ലാണു സംഭവം. ബദല്‍രേഖയുടെ പേരില്‍ സസ്‌പെന്‍ഷനിലായ എം.വി.ആര്‍. പയ്യന്നൂര്‍ എ.കെ.ജി. മന്ദിരത്തിലെത്തുമ്പോള്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി. ബാലന്‍ 'ദേശാഭിമാനി' ഏരിയാ ലേഖകന്‍കൂടിയായിരുന്നു. പയ്യന്നൂര്‍ ആശുപത്രിയുടെ ശോച്യാവസ്‌ഥ ബാലന്‍ എം.വി.ആറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്‌ സ്‌ഥലം എം.എല്‍.എ.കൂടിയായിരുന്ന എം.വി.ആര്‍. ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി ഇറങ്ങിയപ്പോള്‍ ഏറെ വൈകി. തൊട്ടടുത്തുള്ള തന്റെ വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാമെന്നു ബാലന്‍ എം.വി.ആറിനെ ക്ഷണിച്ചു. ജോലിക്കുപോയ ബാലന്റെ ഭാര്യ രാവിലെ തയാറാക്കിവച്ച ഭക്ഷണമാണ്‌ ഇരുവരും കഴിച്ചത്‌. പാര്‍ട്ടി നടപടിയെടുത്ത എം.വി.ആറിനു ലോക്കല്‍ നേതാവ്‌ ഭക്ഷണം നല്‍കിയ വാര്‍ത്ത ജില്ലാ-സംസ്‌ഥാനനേതൃത്വത്തിനു മുന്നിലെത്തി. വി.എസായിരുന്നു സംസ്‌ഥാന സെക്രട്ടറി. പാര്‍ട്ടിവിരുദ്ധനു ഭക്ഷണം നല്‍കിയതിനു ബാലനോടു വിശദീകരണം ചോദിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്‌തു. പോളിറ്റ്‌ബ്യൂറോ അംഗമായിരിക്കേ വി.എസ്‌. 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ച ഫാരിസ്‌ അബൂബക്കറുമായി സംസ്‌ഥാനസമിതിയംഗം ടി.കെ. ഹംസ വേദി പങ്കിട്ടത്‌ അടുത്തിടെ. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണു മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിക്കും കോണ്‍ഗ്രസ്‌ നേതാവ്‌ എം.എം. ഹസനുമൊത്ത്‌ ഫാരിസുമായി ഹംസ വേദി പങ്കിട്ടത്‌.

ടി.കെ. ജോഷി [മംഗളം ]

No comments: