Tuesday, July 26, 2011

മെരിറ്റ് സീറ്റില്‍ പഠിച്ചുപാസായ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക സംഘടനവേണമെന്ന് ആവശ്യം

കൊച്ചി: പ്രീഡിഗ്രി ജയിച്ചില്ലെങ്കിലും കോടികള്‍ വാരിയെറിഞ്ഞ് ഡോക്ടര്‍മാരാകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. മെരിറ്റ് സീറ്റില്‍ പഠിച്ച പാസാകുന്ന ഡോക്ടര്‍മാര്‍ക്കുവേണ്ടി പ്രത്യേകം സംഘടന വേണമെന്ന ആവശ്യം ശക്തമായി. സംഘടന മാത്രമല്ല, ബിരുദം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡില്‍ പോലും ഇനി മുതല്‍ മെരിറ്റ് സീറ്റിലാണ് പ്രവേശനം നേടിയതെന്നു ചേര്‍ക്കുന്ന പ്രവണതയും ഡോക്ടര്‍മാരില്‍ ശക്തമായിട്ടുണ്ട്. ഉദാഹരണം തിരുവല്ലയില്‍ നിന്നും. ഇവിടെ ഒരു പ്രമുഖ ക്‌ളിനിക്കില്‍ സ്ഥാപിച്ച ഡോക്ടറുടെ നെയിം ബോര്‍ഡില്‍ എം.ബി.ബി.എസ്, ആലപ്പുഴ മെഡിക്കല്‍ കോളേജ് (മെരിറ്റ്) ഡി.എല്‍.ഒ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (മെരിറ്റ്) എം.ഡി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് (മെരിറ്റ്) എന്നാണ് ചേര്‍ത്തിരിക്കുന്നത്.
സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദധാരികളുടെ ആദ്യബാച്ചുകള്‍ ഇറങ്ങിത്തുടങ്ങുമ്പോള്‍ത്തന്നെ ഡോക്ടര്‍മാരുടെ സമൂഹം പുലര്‍ത്തുന്ന ഉത്കണ്ഠ നെയിം ബോര്‍ഡുകളില്‍ നിന്ന് മറ്റു തലങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയതായി സൂചനയുണ്ട്. മെരിറ്റ് ക്വോട്ടയില്‍ പാസായി പുറത്തുവരുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക സംഘടന വേണമെന്ന ആവശ്യം സ്വകാര്യചര്‍ച്ചകളിലെങ്കിലും ഉയര്‍ന്നു കഴിഞ്ഞു. മെരിറ്റിന് പ്രത്യേക 'ഐഡന്റിറ്റി' ലഭിക്കാന്‍ ഈ നടപടി ഉപകരിക്കും. അക്കാഡമിക് തലത്തില്‍ക്കൂടി 'മെരിറ്റി'ന്റെ രംഗപ്രവേശം ഉണ്ടാകുമ്പോള്‍ ചികിത്‌സാ രംഗത്ത് ഡോക്ടര്‍മാര്‍ ശരിക്കും രണ്ടു തട്ടിലാവും. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ അഡ്മിഷനുകളില്‍ ചില മാനേജുമെന്റുകള്‍ കാട്ടുന്ന 'ആക്രാന്ത'മാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ കാര്യങ്ങള്‍ എത്തിച്ചതെന്ന് ഈ ഡോക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ട്.
മെഡിസിന്‍ പ്രവേശനത്തില്‍ മെരിറ്റിന് ഒരു സ്ഥാനവുമില്ലെന്ന സ്ഥിതി ഇത്തരക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു. രാജ്യത്ത്, 'ഡീംഡ്' പദവിയുള്ള സ്ഥാപനങ്ങളുടെ കഥയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവേശനത്തിന് മെരിറ്റുകൂടി 'മിക്‌സ്' ചെയ്യാന്‍ തയാറാവാത്ത 'മേടിക്കല്‍' കോളേജുകള്‍ കരിമ്പട്ടികയില്‍ പ്പെട്ടുപോകാനുള്ള സാദ്ധ്യതയും വിദൂരമല്ല. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലുള്ള 550 വിദ്യാര്‍ഥികളുടെ എംബിബിഎസ് സ്വപ്നം പൊലിയും. റാങ്ക് പട്ടികയിലുള്ള 55 പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളുടെ സൗജന്യ എംബിബിഎസ് പഠനവും നിഷേധിക്കപ്പെടും. മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക, പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളടക്കമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അസാധ്യം.
അതിനിടെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്നു സര്‍ക്കാര്‍ ഫീസില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയവര്‍ക്കും നിര്‍ബന്ധിത ഗ്രാമീണ സേവനം നടപ്പാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. പരിയാരം സഹകരണ മെഡിക്കല്‍ കോളജിനും നിര്‍ബന്ധിത ഗ്രാമീണ സേവനം ബാധകമാക്കുമെന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ഇതാദ്യമായാണു സ്വാശ്രയമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം നടപ്പാക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാണു നിലവില്‍ നിര്‍ബന്ധിത ഗ്രാമീണ സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.പഠനം പൂര്‍ത്തിയായശേഷം ഒരു വര്‍ഷം ഗ്രാമീണമേഖലയില്‍ ജോലി ചെയ്യണമെന്നാണു വ്യവസ്ഥ.എന്നാല്‍ പല ഡോക്ടര്‍മാരും ഒന്നോ രണ്ടോ മാസത്തെ സേവനത്തിനു ശേഷം മുങ്ങാറാണു പതിവ്. ഇങ്ങനെ മുങ്ങിയവര്‍ക്കെതിരെ ആരോഗ്യവകുപ്പ് നടപടി തുടങ്ങിയിരുന്നു.എന്നിട്ടും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനാകില്ലെന്നു വ്യക്തമായതോടെയാണു പുതിയ തീരുമാനം.
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുന്ന കുട്ടികള്‍ക്കു കൂടി നിര്‍ബന്ധിത ഗ്രാമീണ സേവനം നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിര്‍ബന്ധിത ഗ്രാമീണ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെ വേതനം കൂട്ടുന്ന കാര്യം തല്‍ക്കാലം പരിഗണനയില്ല. മുങ്ങിയവര്‍ക്കെതിരെ റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെ നടപടി തുടങ്ങിയപ്പോള്‍ പലരും ഇപ്പോള്‍ ഡ്യൂട്ടിക്കെത്തിയതായും മന്ത്രി പറഞ്ഞു. അതേസമയം കേരളത്തിലെ ഈ വര്‍ഷത്തെ സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിലെ പ്രതിസന്ധി തുടരുകയാണ്. ഇതിനെക്കാളേറെ ഭീകരമാണ് ഇപ്പോള്‍ മെരിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിച്ച 550 വിദ്യാര്‍ഥികളുടെ ഭാവി. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി ധാരണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തയ്യാറാക്കിയ മെറിറ്റ് പട്ടികയിലുള്ള 550 വിദ്യാര്‍ഥികളുടെ എംബിബിഎസ് സ്വപ്നം പൊലിയുമെന്നാണ് സൂചന.
റാങ്ക് പട്ടികയിലുള്ള 55 പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളുടെ സൗജന്യ എംബിബിഎസ് പഠനവും നിഷേധിക്കപ്പെടും. മാനേജ്‌മെന്റുകള്‍ നിശ്ചയിക്കുന്ന തലവരിപ്പണവും ചുരുങ്ങിയത് മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക ട്യൂഷന്‍ ഫീസും നല്‍കി പ്രവേശനം നേടുക, പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളടക്കമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അസാധ്യം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 11 മെഡിക്കല്‍ മാനേജ്‌മെന്റുകളുമായുണ്ടാക്കിയ ധാരണ പ്രകാരം അഞ്ച് വര്‍ഷമായി 550 വിദ്യാര്‍ഥികള്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടി കുറഞ്ഞ ഫീസ് നിരക്കില്‍ പഠിക്കുന്നുണ്ട് ഇവരുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഈ കുട്ടികളില്‍ പത്ത് ശതമാനം (55 സീറ്റ്) എസ്സിഎസ്ടി വിദ്യാര്‍ഥികള്‍ക്ക് സൗജന്യപഠനം ഉറപ്പാക്കിയിരുന്നു. ഇവര്‍ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് നല്‍കണമെങ്കിലും തുക പൂര്‍ണമായി എസ്സിഎസ്ടി വകുപ്പ് നല്‍കും. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് മെഡിക്കല്‍ കോളേജുകള്‍ 2006ല്‍ സര്‍ക്കാരുമായി ധാരണയിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോടതിവിധികളുടെ പിന്‍ബലത്തില്‍ , യുഡിഎഫിന്റെ ഒത്താശയോടെ ഇവര്‍ കരാറില്‍നിന്ന് പിന്മാറി. ഈ വര്‍ഷം സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ മറ്റ് സ്വാശ്രയ കോളേജുകളും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ പാത പിന്തുടരുന്നു.
സാമ്പത്തികമായും സമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ കുട്ടികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പഠിക്കാനുള്ള അവസരവും നഷ്ടമാവുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 105 കുട്ടികള്‍ക്ക് പ്രതിവര്‍ഷം 25,000 രൂപ മാത്രം ഫീസടച്ച് പഠിക്കാനുള്ള അവസരം ഇല്ലതാകും. സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കിയ കോളേജുകളില്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍പെട്ട 143 കുട്ടികള്‍ അഞ്ച് വര്‍ഷമായി 45,000 രൂപ വാര്‍ഷിക ഫീസ് നല്‍കി പഠിക്കുന്നു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നാല് കോളേജുകളിലെ 52 കുട്ടികള്‍ ഉള്‍പ്പെടെ 195 കുട്ടികള്‍ക്ക് ഇത്തവണ ഈ അവസരം നഷ്ടമാകും. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശിപ്പിക്കപ്പെടുന്ന 50 ശതമാനം വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 1,38,000 രൂപയായിരുന്നു. ഇവരെല്ലാം കൂടുതല്‍ പണം നല്‍കി പഠിക്കാന്‍ നിര്‍ബന്ധിതരാകും. ഈ വര്‍ഷം കൊള്ള നടക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്.
മാനേജ്‌മെന്റ് അസോസിയേഷന്‍ അന്ത്യശാസനം നല്‍കിയിട്ടും സര്‍ക്കാരിന് കേട്ട ഭാവമില്ല. മെഡിക്കല്‍ പിജി പ്രവേശനത്തിലും സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പിജി കോഴ്‌സിലെ പകുതി സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാരിന്റെ റാങ്ക് പട്ടികയില്‍നിന്ന് 70 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള അലോട്ട്‌മെന്റ് ചൊവ്വാഴ്ച നടത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ , സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മെയ് 31ന് ശേഷം സര്‍ക്കാരിന് പ്രവേശനം നടത്താനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ഹൈക്കോടതി അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല. മെയ് 31നകം സര്‍ക്കാര്‍ പ്രവേശനം പൂര്‍ത്തിയാക്കാത്തത് വിവാദമായപ്പോള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ , സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാല്‍ , രണ്ട് ദിവസത്തിനകം ഇതില്‍ തീരുമാനമുണ്ടാകുമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍പോലും കരുതുന്നില്ല. അതേസമയം ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ മാതൃകയില്‍ മുഴുവന്‍ എംബിബിഎസ് സീറ്റിലും പ്രവേശനം നടത്താന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചിരിക്കുകയാണ് സെപ്തംബര്‍ മൂന്നിന് പ്രവേശനനടപടി അവസാനിപ്പിക്കാണ് അസോസിയേഷന്‍ തീരുമാനം. സര്‍ക്കാര്‍ തയ്യാറായാല്‍ ഇതിനുമുമ്പ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജ്‌മെന്റ്, മെറിറ്റ് വ്യത്യാസമില്ലാതെ മുഴുവന്‍ സീറ്റിലേക്കും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റിന്റെ മാതൃകയില്‍ മൂന്നരലക്ഷം രൂപ ഫീസ് ഈടാക്കാനാണ് തീരുമാനം.
സര്‍ക്കാരിന്റെ സമീപനവും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റിന്റെ നിലപാടുകളുമാണ് നിലവില്‍ പ്രവേശനനടപടികള്‍ തകിടംമറിച്ചത്. സര്‍ക്കാരാകട്ടെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്‌മെന്റിനോട് ഒരു സമീപനവും അമൃത മെഡിക്കല്‍ കോളേജിനോട് മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നത്. തങ്ങളോട് മറ്റൊരു നിലപാടുമാണ് കൈക്കൊള്ളുന്നത്. ഇനി ഈ വര്‍ഷം പ്രശ്‌നം പരിഹരിക്കാമെന്നു പ്രതീക്ഷയില്ല. തങ്ങള്‍വച്ച നിര്‍ദേശം സംബന്ധിച്ച് ചര്‍ച്ചനടത്താനും സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രവേശനം തുടങ്ങേണ്ട ജൂണ്‍ 30 മുതല്‍ മുഴുവന്‍ സീറ്റിലേക്കും കുട്ടികളെ പ്രവേശപ്പിക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന്‍ പ്രസിഡന്റ് പി എ ഫസല്‍ഗഫൂര്‍ , സെക്രട്ടറി അഡ്വ. സാജന്‍ പ്രസാദ് എന്നിവര്‍ പറഞ്ഞു. അമൃത ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളില്‍ 5.25 ലക്ഷം രൂപ ഫീസ് ഈടാക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കാത്തതും പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. മെഡിക്കല്‍ പിജി പ്രവേശനത്തിന് അഖിലേന്ത്യാ ക്വാട്ട ഇല്ലെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനഃപൂര്‍വം തെറ്റിദ്ധരിച്ചതോ തെറ്റിദ്ധരിക്കപ്പെട്ടതോ ആണ്. ഇത് രാഷ്ട്രീയപ്രശ്‌നമല്ല, സാമുദായികപ്രശ്‌നമാണെന്നും ഇവര്‍ വ്യക്തമാക്കി. അസോസിയേഷനു കീഴിലെ 11 മെഡിക്കല്‍ കോളേജുകളിലെയും മാനേജ്‌മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഇവയ്‌ക്കെല്ലാമായി 1200 എംബിബിഎസ് സീറ്റാണ് നിലവിലുള്ളത്.
http://www.dailymalayalam.co.uk/index.php?p=print&catid=4&newsid=9093

No comments: